Feeds:
Posts
അഭിപ്രായങ്ങള്‍

ഇന്നെത്ര നെരമെത്ര നേരം

ഞാനലഞ്ഞു,

എന്നിലെ പൊരുള്‍ തേടി,

പൊരുളിലെ കതിര്‍ തേടി

എത്ര നേരമിന്നെത്ര നേരം

 

നിലാവിന്റെ ഇളം മധുരം

നുണയുവാന്‍ ഇനിയും

എത്രനാള്‍ ഞാന്‍.

 

കോടി കോടി പുല്‍ നാമ്പി-

ലലിയുവാന്‍

പുലരി മഞ്ഞിന്‍ തുള്ളിയി-

ലലിയുവാന്‍

മേഘങ്ങളില്‍ പോയൊളിക്കുവാന്‍

ഇനി എത്ര നേരം..!?

 

നേരിന്റെ നേര്‍ തേടുവാന്‍

ഉറവയുടെ ഉയിര്‍ തേടുവാന്‍

കനിവിന്റെ മുള തേടുവാന്‍

ഇനിയും എത്ര നേരം.

 

തമ്മില്‍ കൈകോര്‍ത്താടുവാന്‍

നിന്നിലെ ഞാനാകുവാ‍ന്‍

പോറ്റമ്മയായ പുഴയെ

അറിയുവാന്‍

തളിര്‍ പൂക്കുന്ന കാലമെത്തുവാന്‍

 

സ്നേഹം നിറ മഴയായ്

ചൊരിയുന്നത് കാണുവാന്‍

കാറ്റിന്റെ മടിയില്‍ പറന്നു-

യരുവാന്‍

ഇനിയും എത്ര നാള്‍.

 

 

എന്തിനീ പക നമ്മില്‍

നമ്മളെ തന്നെ കൊലക്കു

കൊടുക്കുന്ന

ചാവേറുകളാകുവാനോ?

 

പുലരിയുടെ

പുല്പായയില്‍ ഒന്നായി

നാം ഇനി

സ്നേഹ ഗീതം ശ്രവിക്കുവാന്‍

ഇനി എത്ര നാള്‍.

 

നമ്മളെല്ലാം ഒന്നെന്ന

ശാന്തി ഗീതം

ഉരുവിടുന്നതും കാത്ത്

ഇനി എത്ര നാള്‍.

 

എന്തിനു നമുക്കീ

നാനാ ജാതി വര്‍ണ്ണവും

ദേശവും.

എന്തിനു നമുക്കീ

ചോരയില്‍ മുങ്ങും

മുങ്ങും കല്ലും മതങ്ങളും.

കണ്‍ തുറന്നു നോക്കുവാ-

നറക്കുന്ന,

ഭീതിയുടെ ലോകവും.

 

ഇനിയും എത്ര നാള്‍

നിര്‍ജ്ജിവതയിലെ

സുഖം തേടി അലയണം

ഇനിയും എത്ര നാള്‍

നാളെയുടെ സൂര്യന്‍

പടിഞ്ഞാറുദിക്കുന്നതും കാക്കണം

അന്യന്റെ ഹൃദയ താളം

നമ്മുടെ ജീവ ഗീതമാകുന്നതും

കാത്ത്

ഇനിയും എത്ര നാള്‍.

ഞാന്‍ നീയാകുന്നു,

ഓരോ പരമാണുവും നീ

മാത്രമാകുന്നു.

നീ എന്നെ പിരിയുന്നതേയില്ല,

ജീവതുടിപ്പുകള്‍ നീയാകുന്നു.

     ഇനി നമ്മളില്ല,

     എന്നു നീ പറഞ്ഞ രാവിനു

     ശേഷവും;

     എനിക്ക് ഞാനാവാന്‍

     പറ്റുന്നതേയില്ല,

    നിനക്കും അങ്ങനെയാവാതിരിക്കാന്‍

    തരമില്ല.

ഓരോ രാവുകള്‍ ഇരുളി വെളുക്കുമ്പോള്‍

നിന്നെ ദൂരേക്ക് അകറ്റുവാന്‍

ബോധ മണ്ഡലം ശ്രമിക്കുമ്പോഴും

ഞാന്‍ നീ മാത്രമാകുന്നു;

കാരണം നീ

എന്റെ ജീവകണമാകുന്നു..

    “Hold me..” വഴിയിൽ വെച്ച് കണ്ടപ്പോൾ തന്നെ അവൾ പറഞ്ഞു.
“മ്മ്മ്മ്മ്..” ഞാൻ അവളെ ചേർത്ത് നിർത്തി.
“Hold me more tightly” പതിയെ അവൾ മന്ത്രിച്ചു.

      ഞാൻ അവളെ എന്റെ ഹൃദയത്തോട് ചേർത്ത് പിടിച്ചു. അവളുടെ നെഞ്ചിടുപ്പുകൾ ഇപ്പോൾ എന്റേതു കൂടിയാണ്. ചുടു നിശ്വാസങ്ങളുടെ താളം മാറുന്നത് എനിക്ക് കേൽക്കാം.

    ഒന്നും പറയാതെ നിമിഷങ്ങൾ കടന്നു പോയി. മഞ്ഞ് കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു. അവളെ അടർത്തിമാറ്റുവാൻ എനിക്ക് തോന്നിയില്ല. ഈ നിമിഷം ഇങ്ങനെ തന്നെ അനശ്വരമായിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു.

   എന്റെ ആത്മാവിനോടൊട്ടിനിന്ന് അവൾ എന്തോ പറയാൻ തയ്യാറെടുക്കുകയാ‍ണ്, അതെന്താണെന്ന് എനിക്കറിയാം. അതിനെക്കുറിച്ചുള്ള ചിന്തകൾ മനസിലേക്ക് വന്നപ്പോൾ അവളെ ഞാൻ എന്റെ ആത്മാവിലേക്ക് കൂടുതൽ ഇറുകെ ചേർത്ത് പിടിക്കുകയാണ് ചെയ്തത്.

   എന്റെ മനസിൽ എന്താണെന്ന് അവൾക്ക് മനസിലായി. അവൾ പതുക്കെ ചുണ്ടുകൾ കാതുകൾക്കരികിലായി കൊണ്ടുവന്നു. ചുടുനിശ്വാസങ്ങൾ എന്റെ ചെവിയിലും കഴുത്തിലും ഉരുമി കടന്നു പോയി. അവൾ അതു പറയാതിരുന്നെങ്കിൽ.!! ഞാൻ മനസിനെ ശാന്തമാക്കി, അവൾ പതുക്കെ മന്ത്രിച്ചു (അവൾ അതു പറയാതിരുന്നെങ്കിൽ…!!!)

“എന്തു ചെയ്യും നമ്മൾ? അവർ സമ്മതിക്കുന്നേ ഇല്ല..!! ”

 എനിക്ക് നിന്റെ സമ്മതം മാത്രം മതി എന്നു വിളിച്ചുപറയണം എന്നുണ്ടായിരുന്നു. ഞാൻ ഒന്നും മിണ്ടിയില്ല..

“എന്താ നീ ഒന്നും പറയാത്തത്..?”

“നിനക്ക് കുറച്ച് നാൾ കൂടെ പിടിച്ചു നിൽക്കാമോ..? നമുക്ക് ഒന്നുകൂടെ ശ്രമിച്ച് നോക്കാം..”

“എനിക്കറിയില്ല, അവരെ നഷ്ടപെടുവാൻ എനിക്കാവില്ല..”

“നമുക്ക് പിരിയാം” ഞാൻ പറഞ്ഞു.

   കുറച്ച് സമയത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല. എന്റെ കരവലയത്തിൽ കൂടുതൽ ഒതുങ്ങി നിന്നു. തോളിൽ ഒരു ചുടു നനവ് ഞാൻ അറിഞ്ഞു. അക്ഷരങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയ ശബ്ദം പോലെ അവളെ പെട്ടെന്ന് അടർത്തി മാറ്റുവാൻ ആവില്ല എന്ന് എനിക്കറിയാം, അവൾക്കും അതാവില്ലായിരിക്കും.

   അവൾ പതുക്കെ മുഖമുയർത്തി അല്പം പിറകിലോട്ട് മാറി. ചേർത്ത് പിടിക്കാനാണ് മനസ് മന്ത്രിച്ചത്, പക്ഷേ ഞാൻ…

    അവളുടെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു. മുഖത്തൊരു ചിരി പടർത്താൻ ശ്രമിച്ചുകൊണ്ട് അവൾ പറഞ്ഞു,

“ഇനി ഒരിക്കലും നമ്മൾ കാണില്ലായിരിക്കും അല്ലേ..?”

ഞാനൊന്നും മിണ്ടിയില്ല.. (“ I want to be with you always, i dont want to loose you”)

“ഇങ്ങനെയെക്കെ നമ്മൾ അവസാനിക്കുമെന്ന് നീ എപ്പോഴെങ്കിലും ചിന്തിച്ചിരുന്നോ..? നമ്മൾ ശരിക്കും പിരിയുകയാണോ..?”

    അവളുടെ ചുണ്ടുകൾ വിറയാർന്നു, അടുത്ത നിമിഷം അവൾ കരഞ്ഞേക്കുമെന്ന് തോന്നി. അരുത് കരയരുത്, നീ കരഞ്ഞാൽ ഞാൻ എന്റെ തലച്ചോറിന്റെ തീരുമാനം നടപ്പാക്കൻ പരാജയപ്പെടും.

    ഞാൻ എന്തെങ്കിലും പറയുമെന്ന് അവൾ പ്രതിക്ഷിച്ചിരുന്നോ..? അവളെ വാരിപ്പുണർന്ന് വിറക്കുന്ന ചുണ്ടുകളിൽ അമർത്തി ചുംബിച്ച് ശാന്തമാക്കു, ഹൃദയം പറഞ്ഞു.

“ഭൂമി ഉരുണ്ടതായതിനാൽ ഇനി എവിടെ എങ്കിലും വെച്ച് കണ്ടുകൂടായ്കയില്ല.” ഞാൻ നിർദയം പറഞ്ഞു.

    അവളുടെ കണ്ണുകൾ ഒരു നിമിഷം വികസിച്ച് മറഞ്ഞു. അതിൽ അൽഭുദമാണോ കേട്ടത് ശരിതന്നെ അല്ലേ എന്നുള്ളതാണോ നിഴലിച്ചത് എന്നറിയില്ല.

   എത്രപെട്ടെന്ന് ഒരു ആണിന് മാറാൻ കഴിയുന്നു എന്ന് അവൾ ചിന്തിച്ചിരുന്നിരിക്കണം.

  ഞാൻ ആശ്വാസ വാക്കുകൾ ഒന്നും പറഞ്ഞില്ല. വെറുതേ കുറച്ച് വാക്കുകൾ പറഞ്ഞിട്ടെന്ത് കാര്യം…!!

  അവൾ ഒരു ചുവട് പിറകിലേക്ക് വെച്ചു, എന്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നു. അവളുടെ മുടിയഴകളിൽ പറ്റിനിൽക്കുന്ന മഞ്ഞുകണങ്ങൾ എടുത്തുകളയുവാൻ തോന്നി, പക്ഷേ ഞാൻ കൈകൾ എന്റെ കോട്ടിന്റെ പോക്കറ്റിൽ തിരുകി. സന്ധ്യയിൽ മഞ്ഞുപൊഴിയുമ്പോൾ അവൾ കൂടുതൽ സുന്ദരിയായി കാണപ്പെട്ടു. ഇനി ഒരു നിമിഷം കൂടി ഞാൻ ഞാൻ നോക്കിനിന്നു പോയാൽ എന്റെ വാക്കുകളിലെ പൊള്ളത്തരം അവൾ മനസിലാക്കിയേക്കുമെന്ന് ഞാൻ ഭയപ്പെട്ടു.

“I will send your belongings as soon as I can ” ഞാൻ അകലേക്ക് ദൃഷ്ടി പായിച്ച് കൊണ്ട് പറഞ്ഞു..

“mmmh thanks, let us hope we won’t meet again” അവൾ പതുക്കെ തിരിഞ്ഞു നടന്നു.

    അവൾ അതാ പോവുകയാണ്, ഇനി ഒരിക്കലും അവൾ എന്റെ സ്വന്തം എന്നു പറയാനാവില്ല, അവളെ തിരികെ വിളിക്ക്.. നഷ്ടപെട്ടാൽ പിന്നീടൊരിക്കലും നികത്താനാവില്ല അത്. എന്റെ മനസ് അവളെ വിളിച്ചു. അവൾ ഒരു നിമിഷം നിന്നു, ഒന്നു തിരിഞ്ഞു നോക്കി..

“നീ ഒന്നുറക്കെ വിളിച്ചാൽ ഞാൻ ഇപ്പോൾ ഓടിയരികിലെത്താം, എനിക്കെന്തെക്കെ നഷ്ടമായാലും, നിന്റെ ചുണ്ട് എന്റെ പേരൊന്നനക്കിയാലും മതി” അവളുടെ കണ്ണുകൾ എന്നോട് പറഞ്ഞു.

 “Bye, Goodbye take care” ഞാൻ കൈവീശിക്കാണിച്ച് തിരിച്ച് നടന്നു…

കടപ്പാട്:- 90 days time to love

തെറ്റോ ശരിയോ

എനിക്കറിയില്ല തന്നെ!

ആ രാത്രിയിൽ പിരിയുവാൻ

എന്നെ സമ്മതിച്ചതെന്തിനു നീ?

മറക്കുവതെങ്ങനെ ആ നിമിഷം

നിന്റെ ശബ്ദം അവസാനമായ്

കുളിരണിയിച്ച നിമിഷം.

തെറ്റോ ശരിയോ, എനിക്കറിയില്ല

        എന്റെ തലച്ചോർ പറഞ്ഞ-

        തിനെല്ലാം മൂളുമ്പോൾ നീ

        അറിഞ്ഞിരുന്നോ,

        ഹൃദയത്തെ ഞാൻ വഞ്ചിച്ചുവെന്ന്.!

        നീ മിണ്ടാതെ അകന്നു പോയപ്പോഴും

        തകരാതെ തളരാതെ ഞാൻ

        കാത്തു നിന്നു.

        തെറ്റോ ശരിയോ, എനിക്കറിയില്ല

        വീണ്ടും ഒരു നോക്ക്

        നിന്നെ കാണുവാനായ്

അത്മാവിനെ കുടിയിരുത്തി ഞാന-

യച്ച അക്ഷരങ്ങൾ

നീയൊരു വർണ്ണക്കടലാസിൽ പൊതിഞ്ഞ-

ലസമായി തിരിച്ചു  തന്നു.

ആ നിമിഷത്തിലാണു സഖി

ഞാൻ തോറ്റത്

എന്റെ ഹൃദയം നിലച്ചതും

ചോര തണുത്തുറഞ്ഞതും.

തെറ്റോ ശരിയോ, എനിക്കറിയില്ല

ഇപ്പോഴും ഞാനവിടെ കാത്തു നിൽക്കുന്നു

അനങ്ങുവാനാകാതെ തണുത്തുറഞ്ഞ്.

       ഫോണ്‍ എടുത്തപ്പഴേ ബൈക്ക് മേടിച്ചിട്ട് കറങ്ങാന്‍ കൊണ്ടുപോയില്ല എന്നും പറഞ്ഞ് അവള്‍ പരിഭവപ്പെട്ടു..

“നീ പരിഭവിക്കാതെ..!” ഞാന്‍ പറഞ്ഞു.

“എന്നാലും നീ എന്നോട് ഇതുവരെ നിന്റെ പിറകില്‍ കയറാന്‍ പറഞ്ഞില്ലല്ലോ.!”

“അതെങ്ങനെയാ കൊച്ചേ മൂന്ന് പേരെ ബൈക്കില്‍ കൊണ്ടു പോകുന്നത്..?”

“മൂന്ന് പേരെയോ…!!?”

“അതെ, ക്ലാസ്സിലെ സുന്ദരിക്കുട്ടികള്‍ ലിഫ്ട് ചോദിക്കുമ്പോള്‍ അതിന്റെ കൂടെ നിന്നെ കയറ്റുന്നത് എങ്ങനെയാ.? അവര്‍ക്ക് എന്തു തോന്നും..?”     അവളെ ഒന്നു ചൊടിപ്പിക്കാന്‍ ഞാന്‍ പറഞ്ഞു.

“പോ, എന്നെ ആരും ബൈക്കില്‍ കയറ്റേണ്ട.”

“ ങേ, അതെന്താ, നീ അല്ലേ ഇപ്പോള്‍ ഇതുവരെ കയറ്റിയില്ല എന്നും പറഞ്ഞ് പരിഭപ്പെട്ടത്..!?”

“കണ്ട പെണ്ണുങ്ങള്‍ എല്ലാം കയറിയതല്ലേ എനിക്കിനി കയറേണ്ട..!!!”

“നീ ഇവിടെ ഇല്ലാത്തതു കൊണ്ടല്ലേ അവരെല്ലാം കയറിയത്”

“…….”

“നീ അടുത്ത ദിവസം നാട്ടില്‍ വരുമ്പോള്‍ നിന്നെ ഞാന്‍ കയറ്റാം. നീ ‌‌‌_____ സ്റ്റോപ്പില്‍ ഇറങ്ങിക്കോ ഞാന്‍ അവിടെ ഉണ്ടാവും. അവിടെ നിന്നും നിന്റെ വീടിന്റെ അടുത്തു വരെ ഞാന്‍ കൊണ്ടു ചെന്നാക്കാം…”

“ഉം, ശരി”

     അങ്ങനെ ഞങ്ങള്‍ പ്ലാന്‍ ചെയ്ത ദിവസം എത്തി, രാവിലെ ഏത് ഷര്‍ട്ട് ഇടും എന്നുള്ള കണ്‍ഫ്യൂഷനില്‍ ആയി ഞാന്‍. ആദ്യം തീരുമാനിച്ചത് ഒരു നീല വരയുള്ള ഷര്‍ട്ട് ഇടാനാണ്, പിന്നെ തോന്നി മഞ്ഞ ആകട്ടെ എന്ന്. ബൈക്കിന്റെ കളര്‍ മഞ്ഞ ആണ് എന്ന് അവള്‍ക്കറിയുകയും ചെയ്യാം. അങ്ങനെ കുളിച്ചൊരുങ്ങി കുട്ടപ്പനായി സ്റ്റോപ്പില്‍ ചെന്നു നിന്നു. സമയത്തിനു ബസ്സ് വന്നു. നോക്കിയപ്പോള്‍ അവളൊരു നീല ചുരിദാറുമിട്ട് ഇറങ്ങി വരുന്നു, ശ്ശോ നീല ഷര്‍ട്ട് തന്നെ ഇടാമായിരുന്നു ഞാന്‍ മനസില്‍ പറഞ്ഞു.

    അവള്‍ എന്നെക്കണ്ടു അടുത്തു വന്നു ഒന്നും പറയാതെ ബൈക്കില്‍ കയറി. മുഖം കടുന്നലു കുത്തിയതു പോലെ വീര്‍പ്പിച്ച് പിടിച്ചിട്ടുണ്ട്. ഞാന്‍ പതുക്കെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. മിറര്‍ അവളുടെ മുഖം കാണുന്ന രീതിയില്‍ തിരിച്ചു വെച്ചു. യാത്രക്കിടയില്‍ ഞാന്‍ അവളോട് ചോദിച്ചു..

“നീ എന്താ ഒന്നും മിണ്ടാതെയിരിക്കുന്നത്…?”

“ഇന്നു വേറെ പെണ്‍പിള്ളേരെ ആരേം കിട്ടിയില്ലേ..?”

“എന്തിന്..?”

“ലിഫ്ട് കൊടുക്കാന്‍..”

“നീ പെണ്ണല്ലേ..?”

“നീ പോ, കണ്ട പെണ്ണുങ്ങളെ എല്ലാം ബൈക്കില്‍ കയറ്റി കൊണ്ടു പോകലല്ലേ നിന്റെ പണി…!!!??”

    അപ്പോള്‍ അതാണ് കാര്യം, ഞാന്‍ മിററിലൂടെ അവളെ നോക്കി മുഖം കാര്‍മേഘം പോലെ ഘനപ്പിച്ച് പിടിച്ചിരിക്കുകയാണ്. അവളെ  ഒന്നും കൂടെ ചൊടിപ്പിക്കാന്‍ വേണ്ടി ഞാന്‍ പറഞ്ഞു,

 “ഇന്നു നിന്നെ കയറ്റാമെന്നു പറഞ്ഞതല്ലേ അതു കൊണ്ട് വേറെ ആര്‍ക്കും ലിഫ്ട് കൊടുത്തില്ല”

“ഒരു സുന്ദരന്‍ വന്നിരിക്കുന്നു, നീ എന്നോട് മിണ്ടേണ്ട”

“ശരി മിണ്ടുന്നില്ല”

“ഞാനും മിണ്ടില്ല”

“വേണ്ട”

“എന്നോട് മിണ്ടേണ്ട എന്നു പറഞ്ഞില്ലേ..!!?”

 അവളുടെ മുഖം എനിക്ക് മിററിലൂടെ കാണാം. ഞാന്‍ പറഞ്ഞു,

“പെണ്ണിന്റെ അസൂയ കണ്ടില്ലേ”

“എന്നോട് മിണ്ടേണ്ട…!”

“എന്റെ പൊന്നേ, ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ..! നീയാ എന്റെ പിറകില്‍ ആദ്യമായി കയറുന്നത്. അല്ലാതെ കണ്ട പെണ്ണുങ്ങളെ എല്ലാം ഞാന്‍ എന്തിനാ കയറ്റുന്നത്…!”

“സത്യം..?”

“നമ്മളാണെ, നീയാണെ സത്യം.”

            ഇതു കേട്ടപ്പോള്‍ അവളുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് വിരിഞ്ഞു, മുഖം ചെന്താമര പൊലെ ആയി. അവള്‍ എന്നോട് ചേര്‍ന്നിരുന്നിട്ട് പറഞ്ഞു

“എനിക്കറിയാമായിരുന്നു നീ ആരേയും കയറ്റിയിട്ടുണ്ടാവില്ല എന്ന്…”

“എന്നിട്ടാ നീ ഇത്രയും നേരം മിണ്ടാതിരുന്നത്..?”

“അതു പിന്നെ ഇഷ്ടംകൊണ്ടല്ലേ..”

   അവളുടെ മുഖം ചുവന്നു തുടുത്തു.

“ദേ പെണ്ണിനു നാണം വരുന്നു.”

 അതു കേട്ടപ്പോള്‍ അവള് എന്നോട് ചേര്‍ന്ന്  ഒതുങ്ങിയിരുന്നു.

അവള്‍ക്ക് ഇറങ്ങേണ്ട് സ്ഥലം ആയപ്പോള്‍ ഞാന്‍ അവളോട് പറഞ്ഞു

“ഇന്നു ഞാനും ബ്ലൂ കളര്‍ ഷര്‍ട്ട് ഇടാനാ ആദ്യം തിരുമാനിച്ചത് പിന്നെ അവസാന നിമിഷം ഇതാക്കിയതാ”

“എനിക്കറിയാമായിരുന്നു നീ ഇന്ന് ഈ ഷര്‍ട്ട് ഇടുമെന്ന്”

“പിന്നെന്താ നീ വേറെ കളര്‍ ചുരിദാര്‍ ഇട്ടത്.?”

  അവള്‍ക്കിറങ്ങാന്‍ വേണ്ടി ഞാന്‍ ബൈക്ക് നിര്‍ത്തി. അപ്പോള്‍ അവളെന്റെ ചെവിയില്‍ പറഞ്ഞു

“അതിപ്പോ ചെറുക്കന്‍ അറിയേണ്ട, അതെനിക്ക് ഇഷ്ടമുണ്ടായിട്ടാണെന്നു കൂട്ടിക്കോ…!”

ഇതും പറഞ്ഞ് അവള്‍ ബൈക്കില്‍ നിന്നും ഇറങ്ങി. എന്നിട്ട് എനിക്കൊരു കള്ളച്ചിരി സമ്മാനിച്ചു.

അമ്പടി കള്ളി നിന്നെ ഞാന്‍ പിന്നെ എടുത്തോളാം എന്നു മനസില്‍ പറഞ്ഞ് ഞാന്‍ ബൈക്ക് തിരിച്ചു.

വാല്‍ക്കഷ്ണം:-  അന്ന് അവള്‍ ബസ്സില്‍ വെച്ച് സ്റ്റോപ്പ് ചോദിച്ചത് എന്റെ ചേടത്തിയുടെ അടുത്താണെന്നും, വൈകിട്ട് ഞാന്‍ വീട്ടില്‍ വന്നപ്പോള്‍ നീല ചുരിദാര്‍ എന്നു മഞ്ഞ ബൈക്കെന്നും എല്ലാം പറഞ്ഞ് എന്നെ വാരി എന്നുള്ളതും നഗ്നമായ സത്യങ്ങള്‍ ആകുന്നു

      കഴിഞ്ഞ ദിവസം കൂട്ടുകാരന്റെ വീട്ടില്‍ നിന്നും ബഹളം കേട്ടാണ് ഓടി ചെന്നത്. അവിടെ ചെന്നപ്പോ കണ്ട കാഴ്ച്ച മനസിനെ പിടിച്ച് കുലുക്കുന്നതായിരുന്നു. കൂട്ടുകാരന്റെ അനിയന്‍ അത്മഹത്യ ഭീക്ഷണി മുഴക്കി, ഫാനില്‍ ബെഡ് ഷീറ്റ് കൊണ്ട് കുടുക്കെക്കെ ഉണ്ടാക്കി മുറിയില്‍ നില്‍ക്കുകയാണ്. നാട്ടുകാരും കൂട്ടുകാരും എല്ലാം ഓടി കൂടിയിട്ടുണ്ട്..! അവന്‍ നില്‍ക്കുന്നത് ഞങ്ങള്‍ക്ക് ജനലിലൂടെ കാണാം.!

ഞങ്ങള്‍ അവനോട് വിളിച്ച് പറഞ്ഞു:

“എടാ, നീ  എന്തു മണ്ടത്തരമാ കാണിക്കുന്നത്..!? എന്തു പ്രശ്നമാണെങ്കിലും ഞങ്ങള്‍ ശരിയാക്കാം. പരിഹാരമില്ലാത്ത് പ്രശ്നങ്ങളുണ്ടോ..? നീ അബദ്ധമൊന്നും കാണിക്കാതിരിക്ക്..!”

“ഞാന്‍ ചാവാന്‍ പോകുവാ, അവള്‍ ഞാന്‍ പറഞ്ഞത് കേട്ടില്ല….!!”

“ആര്?”. ഞങ്ങള്‍ പരസ്പരം മിഴിച്ച് നോക്കി.

      അപ്പോഴാണ് കഥയുടെ കുരുക്കഴിയുന്നത്. അവന് ഒരു പ്രണയ ബന്ധമുണ്ട്, ആ കുട്ടിയുമായി എന്തിന്റേയോ പേരില്‍ വഴക്കിട്ടതിന്റെ ബാക്കിയാണ് ഈ കാട്ടുന്ന പരാക്രമം.

“എടാ അവള്‍ എന്തു പറഞ്ഞെന്നാ..? ഞങ്ങള്‍ ഇവിടില്ലേ., എല്ലാം ശരിയാക്കാം..” ഞങ്ങള്‍ കഴിയുന്നത്ര ആര്‍ദ്രമായി പറഞ്ഞു.

“ഞാന്‍ അവളോട് ഈ കാര്യം വീട്ടില്‍ പറയാന്‍ പറഞ്ഞപ്പോ അവള്‍ക്ക് വീട്ടുകാരെ പേടി ആണെന്നും കുറച്ച് നാളും കൂടെ കഴിഞ്ഞട്ട് പറയാമെന്നും ആണ് അവള്‍ പറഞ്ഞത്. അവള്‍ക്ക് എന്നോട് ഒരു സ്നേഹവും ഇല്ല. ഞാന്‍ ഇപ്പോ ചാവും” 

  ഇത്രയും കേട്ട് കഴിഞ്ഞപ്പോ ഞങ്ങളുടെ കൂട്ടത്തില്‍ ഒരുത്തന് ഒരു സംശയം:

“എടാ നീ പറ്റാണോ..???”

 “ഞാന്‍ പറ്റൊന്നുമല്ല, ഞാന്‍ രണ്ടെണ്ണം കഴിച്ചിട്ടുണ്ട്, ഞാന്‍ ബോധത്തില്‍ തന്നെയാ…”

ഇപ്പോ കാര്യങ്ങളുടെ കിടപ്പു വശം ഏതാണ്ട് ഞങ്ങള്‍ക്ക് പിടി കിട്ടി.

“എടാ നിനക്ക് എത്ര വയസ്സായി.?”

“പത്തൊന്‍പത്”

“21 വയസാവാതെ കല്യാണം കഴിക്കാന്‍ പറ്റില്ലെടാ. ആ സമയം ആകുമ്പോ ഞങ്ങള്‍ തന്നെ മുന്‍ കൈ എടുത്ത് നടത്തി തരാമെടാ. ഇപ്പോ കെട്ടിയാ പോലീസ് പിടിക്കും”

ഇതു കേട്ടപ്പോ അവനു ചെറിയ ഒരു സംശയം

“നിങ്ങളെന്നെ പറ്റിക്കാന്‍ പറയുവാ, ഞാന്‍ ഇപ്പോ ചാവും.!”

“അല്ലെടാ സത്യമായിട്ടും, 21 വയസ്സാവാതെ കല്യാണം കഴിക്കരുത് എന്ന് നിയമമുണ്ട്.. നീ കേള്‍ക്കാഞ്ഞിട്ടാ..!!”

“ശ്ശേ…!!”

അങ്ങനെ ഒരു കണക്കിന്‍ അവനെ അനുനയിപ്പിച്ച് മുറിക്ക് പുറത്തെറിക്കി. അപ്പോള്‍ അവിടെ നിന്ന ആരോ വിളിച്ച് പറഞ്ഞു:

“എടാ, നീ ചേട്ടനെ ഇപ്പോഴേ ഓവര്‍ ടേക്ക് ചെയ്യാതെടാ..!!”

വാല്‍:‌- പ്രണയവും പ്രായവും മദ്യവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു.?

കഷ്ണം:- ശ്ശോ, 21 വയസാവാതെ കല്യാണം കഴിക്കാന്‍ പാടില്ല, ഈ പണ്ടാരം നിയമം ആരാണോ കൊണ്ടുവന്നത് അവന്റെ തലയില്‍ ഇടിത്തീ വീഴും.!!!!!

 

മരണങ്ങള്‍ ആദ്യമല്ല

ജനനമുണ്ടെങ്കില്‍ മരണവും

എങ്കിലും ഈ മരണത്തിനു

ഒരു വ്യത്യാസമുണ്ട്

ഇതൊരു സാധാരണ മരണമല്ല.

 

         ഇന്നു ഞാന്‍ മരിക്കാന്‍

         തീരുമാനിച്ചു

         ശരിയാണ്, ഇതൊരു

         ആത്മഹത്യയെന്നു പറയാം

         പക്ഷേ എന്തിന്?

         അതാണ് ആദ്യം പറഞ്ഞത്

         ഇതൊരു കാരണമില്ലാത്ത മരണമാണ്

 

മരിക്കുവാന്‍ കാരണം വേണോ?

ജനിക്കുന്നതിന്റെ കാരണമെന്താണ്?

കാരണമില്ലാതെ ജനിക്കുന്നു,

                മരിക്കുന്നു;

അപ്പോള്‍ ജീവിതമോ?

        ഞാന്‍ മരിക്കാന്‍ തീരുമാനിച്ചല്ലോ,

        പിന്നെ എന്തിനു ജീവിതം പറയുന്നു..!!!

മുല്ലകള്‍ പൂക്കുന്ന രാത്രിയില്‍
ഞാന്‍ നിന്നെ പുണര്‍ന്നുറങ്ങും
മലര്‍ബാണനെയ്ത പൂവമ്പിന്‍
പരാഗങ്ങള്‍
നിനക്കു ഞാന്‍ പകര്‍ന്നുതരും

ലജ്ജതന്‍ കുങ്കുമ രേഖകള്‍
വിയര്‍പ്പൂ കണങ്ങളിലലിഞ്ഞു ചേര്‍ന്നു
രജനിയില്‍ മഞ്ഞലകള്‍ പെയ്തിറങ്ങി
രാവേറെ ചെന്ന ഈ നിമിഷമേ,
ഞാന്‍ നിന്നെ പ്രണയിചുപോയി.

പുല്‍നാമ്പില്‍ മൊട്ടിട്ട മുത്തിനെ
ചുംബിച്ച് പുലരി കിഴക്കുണര്‍ന്നു
ആദ്യ കിരണങ്ങള്‍ വീണതാഴ്വരയില്‍
മാതളം പൂത്തുലഞ്ഞു
ശാലീന സൌന്ദര്യ നിറകുടമേ
നീയെന്‍ കിനാവില്‍ നിറഞ്ഞു നിന്നു……….‍

മഴ വീണ്ടും പെയ്യുന്നു
മനസിലോ, മരതക മേട്ടിലോ…!!?
ഒന്നു പെയ്തൊഴിഞ്ഞ മാനത്ത്
കാര്‍മേഘ ശൃംഗാരം വീണ്ടുമിതാ….
ഈ മഴ തോരാന്‍ ഇനിയെത്രനാള്‍,
മധു മാസമണയാനിനിയുമെത്രനാള്‍‍….?

തുള്ളിക്കൊരുകുടം പോല്‍ പെയ്യും
ഈ വൃഷ്ടിയില്‍

മാരിവില്‍ വര്‍ണ്ണങ്ങള്‍ ഒലിച്ചിറങ്ങി,
സന്ധ്യ വിതറും സിന്ദൂരവും ഒലിച്ചു പോയി…

ഇരുണ്ട വാനില്‍ നിന്-
ഒരാരവമായി മഴ പെയ്തിറങ്ങി
അംബരത്തിന്‍ വര്‍ണ്ണ വിതാനങ്ങള്‍
മുഴുവന്‍ ഒലിച്ചു പോയി……..
ഒരു കറുത്ത രേഖ മാത്രം അവശേഷിക്കയായി………..

  അന്നത്തെ ദിവസം ഞാന്‍ ഉച്ചക്കാണ് കോളേജില്‍ ചെല്ലുന്നത്. തലേദിവസം ഉത്സവം കൂടിയതിന്റെ ക്ഷീണം മാറിയിട്ടില്ല. ക്ലാസ്സിലേക്ക് ചെന്നു കയറിയ ഉടനെ കൂട്ടുകാരന്‍ പറഞ്ഞു…,

“അളിയ ഇന്നു സ്ട്രൈക്ക് വിളിക്കണം….”

“എന്താടാ കാര്യം….???”

“നമ്മുടെ 4 പിള്ളേരെ സസ്പെന്റ് ചെയ്തു അതിനെതിരെ…….”

“ആണോ, എന്നാ ശരി……., നീ ബാക്കി എല്ലായിടത്തും അറിയിച്ചോ….!! ഇവിടെ ഞാന്‍ നോക്കിക്കൊള്ളാം……..”

      അങ്ങനെ ഞാന്‍ ക്ലാസ്സിലെ എല്ലാവരേയും വിളിച്ചിറക്കി പ്രിന്‍സിപ്പലിന്റെ റൂമിന്റെ മുന്‍പിലേക്കു പോവുകയാണ്….

ലക്ഷം ലക്ഷം പിന്നാലെ എന്നു പറയുന്നതു പോലെ ബെല്ലടിച്ചിട്ടും ക്ലാസ്സില്‍ കയറാതെ എല്ലാവരും എന്റെ പിറകേയുണ്ട്…

     ഞങ്ങള്‍ വിജയകരമായി സ്റ്റാഫ് റൂം കടന്നു, മൂല തിരിഞ്ഞപ്പോ ഞങ്ങളുടെ മുന്‍പില്‍ അതാ നില്‍ക്കുന്നു HOD.

“ആനന്ദേ, എങ്ങോട്ടാ….???”

“മിസ്സേ, അവരെ സസ്പെന്റു ചെയ്തതിന്റെ പ്രതിഷേധം അറിയിക്കാന്‍ ഞങ്ങള്‍ എല്ലാവരും…………………….”

  എന്നും പറഞ്ഞ് ഞാന്‍ തിരിഞ്ഞു നോക്കുമ്പോ പിറകില്‍ ആടു കിടന്നിടത്ത് പൂടപോലും ഇല്ല എന്ന അവസ്ഥ…

“പറയാനുള്ളത് ഞാന്‍ പറഞ്ഞോള്ളാം…” എന്ന് HOD

     ഇതും കേട്ട് അനുസരണ ഉള്ള കുട്ടിയേപ്പോലെ ഞാന്‍ ക്ലാസ്സില്‍ ചെല്ലുമ്പോ, ഇവനു പണിയോന്നും കിട്ടിയില്ലേ….!!!! എന്നായിരുന്നു എല്ലാവരുടേം മുഖതു വിരിഞ്ഞഭാവം….

വാല്‍:-

   സ്വന്തം നട്ടെല്ലു കേടാകാതിരിക്കാന്‍ നട്ടെല്ലില്ലാത്തവരുമായി പ്രതിഷേധതിനു ഇറങ്ങാതിരിക്കുക…..

 

Older Posts »

Follow

Get every new post delivered to your Inbox.